പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ മകരമാസത്തിലെ വലിയ കലംകനിപ്പ് മഹാനിവേദ്യം ചൊവ്വാഴ്ച ഉച്ചയോടെ ക്ഷേത്രത്തില്‍ സമര്‍പ്പിക്കപ്പെട്ടു. ഇന്നു രാവിലെ മുതല്‍ ഈഴവ സ്ത്രീകള്‍ പുത്തന്‍ കലത്തില്‍ ഒണക്കലരി, തേങ്ങ, ശര്‍ക്കര, വെറ്റില അടക്ക, അടയുണ്ടാക്കാനുള്ള തിരിഓല, അരിപ്പൊടി എന്നിവ കലത്തിലാക്കി കാല്‍നടയായി ക്ഷേത്രത്തില്‍ എത്തി ഭഗവതിക്കുമുന്നില്‍ സമര്‍പ്പിച്ചു. വര്‍ഷംതോറും ധനുമാസത്തില്‍ ചെറിയ കലംകനിപ്പും, മകരമാസത്തില്‍ വലിയ കലം കനിപ്പും നടക്കുന്നു. ഇന്നു രാവിലെ ക്ഷേത്രത്തില്‍ സമര്‍പ്പിക്കപ്പെട്ട മഹാനിവേദ്യം നാളെ രാവിലെ ചോറാക്കി ദേവിക്ക് നിവേദിച്ച് ചോറും ദെണ്ടന്‍ അടയും സേവിച്ച് വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകും.
ദേവി എഴുന്നള്ളുന്ന സമയത്ത് ദേവീയോടൊപ്പം ദൂതനായി വന്നയാള്‍ക്ക് ഈഴവ സ്ത്രീ പുതിയ മണ്‍കലത്തില്‍ ഭക്ഷണം പാകം ചെയ്ത് നല്‍കിയപ്പോള്‍ ചോറില്‍ ദേവിയുടെ രൂപം തെളിഞ്ഞതിന്റെ സങ്കല്‍പ്പമായിട്ടാണ് കലംകനിപ്പ് നടത്തുന്നത്. ചന്ദ്രഗിരി, കരിച്ചേരി, ചിത്താരി എന്നീ പുഴകള്‍ക്ക് ഇടയ്ക്കുള്ള 28 പ്രദേശങ്ങളിലെ ഭക്തജനങ്ങളാണ് ക്ഷേത്രത്തില്‍ കലംകനിപ്പ് മഹാനിവേദ്യം സമര്‍പ്പിക്കാന്‍ എത്തുന്നത്. ഏകദേശം 8,000 ത്തോളം മണ്‍കലങ്ങള്‍ ക്ഷേത്രസന്നിധിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.
ഇസ്രേയില്‍ നിന്നും വന്ന വിദേശികളും കലംകനിപ്പ് സമര്‍പ്പണം കാണാന്‍ എത്തിയിരുന്നു. ഏറെ കൗതുകത്തോടെയാണ് ഇവര്‍ സമര്‍പ്പണം വീക്ഷിച്ചത്.