കാഞ്ഞങ്ങാട്: യൂട്യൂബിലൂടെ പ്രചരിച്ച വീഡിയോചിത്രം കള്ളനെ കുടുക്കി. കാഞ്ഞങ്ങാട് ടൗണിലെ മെഡിക്കല്‍ഷോപ്പിലെത്തിയ ആളുടെ പണം കവര്‍ന്ന കണ്ണൂര്‍ ഇരിട്ടിയിലെ ഇസ്മയി(32)ലാണ് ഹൊസ്ദുര്‍ഗ് പോലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ പത്തിന് കാഞ്ഞങ്ങാട് ഭാരത് മെഡിക്കല്‍സിലെത്തിയ കള്ളാര്‍ സ്വദേശി പി.കെ.ജോയിയുടെ 8,000 രൂപയാണ് കവര്‍ച്ചചെയ്യപ്പെട്ടത്. ഇയാള്‍ പണം ബാഗില്‍ സൂക്ഷിച്ചതായിരുന്നു. കടയില്‍വെച്ച് പണം നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ട ജോയി ഇക്കാര്യം കടയുടമ പ്രവീണിനോട് പറഞ്ഞു. കടയിലെ സി.സി.ടി.വി. പരിശോധിച്ചപ്പോള്‍ മോഷണംനടന്നത് വ്യക്തമായി. ഈ രംഗം പിന്നീട് യൂട്യൂബിലൂടെ പ്രചരിച്ചു.
തിങ്കളാഴ്ച കാഞ്ഞങ്ങാട്ടെ ഒരു ഹോട്ടലില്‍ ഭക്ഷണംകഴിക്കുന്നയാള്‍ക്ക് യൂട്യൂബില്‍ക്കണ്ട വ്യക്തിയുമായി സാമ്യമുണ്ടെന്ന് ടൗണിലെ ജ്വല്ലറിജീവനക്കാരന്‍ സതീഷ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ പ്രതിയെ പിടികൂടി പോലീസിലേല്പിച്ചു.