
തൃക്കരിപ്പൂര്‍: മന്ത്രി കുഞ്ഞാലിക്കുട്ടി ഉദ്ഘാടനത്തിന് എത്താത്തതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിനെ തടഞ്ഞു. ലീഗ് നിയന്ത്രണത്തിലുള്ള സി.എച്ച്. സെന്റര്‍ ഉദ്ഘാടനത്തിനെത്തിയ സംസ്ഥാന സെക്രട്ടറി കെ പി എ മജീദിനെയാണ് യൂത്ത് ലീഗുകാര്‍ തടഞ്ഞത്. കാന്‍സര്‍ ഡിറ്റക്ഷന്‍-ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനത്തിന് പി കെ കുഞ്ഞാലിക്കുട്ടി എത്താത്തതാണ് യൂത്ത് ലീഗ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. ശനിയാഴ്ച രാവിലെ മുതല്‍ കൈക്കോട്ട് കടവിലെ ലീഗ് നേതാവിന്റെ വസതിയിലെത്തി വിശ്രമിക്കുകയായിരുന്ന മജീദിനെ വള്‍വക്കാട്, കാരോളം, പൊറോപ്പാട് മേഖലയില്‍നിന്നെത്തിയ അമ്പതോളം പ്രവര്‍ത്തകര്‍ മണിക്കൂറോളം തടഞ്ഞു പ്രതിഷേധിച്ചു. ഉച്ചയ്ക്ക് ഒന്നിന് പടന്നയിലേക്ക് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെടേണ്ട മജീദിന് പ്രതിഷേധത്തെ തുടര്‍ന്ന് 2.30 ഓടെയാണ് പോകാനായത്. പിന്നീട് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ സി.എച്ച്. സെന്ററിന് സമീപത്ത് സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകളും തോരണങ്ങളും അഴിച്ചുമാറ്റി കരിങ്കൊടി ഉയര്‍ത്തി. മൂന്നുമണിക്കൂറോളം പ്രതിഷേധം നീണ്ടു. പ്രാദേശികനേതാക്കന്‍മാരെത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ അനുസരിച്ചില്ല. വേദിക്കരികില്‍ കുഞ്ഞാലിക്കുട്ടിയുടെ കോലംകത്തിക്കാനും ശ്രമം നടത്തി. സെന്റര്‍ ഉദ്ഘാടനത്തിന് കുഞ്ഞാലിക്കുട്ടിയെത്തുമെന്ന് ദിവസങ്ങള്‍ക്കു മുമ്പ് പ്രചാരണം നടത്തിയിരുന്നു. ഒരുമാസം മുമ്പു തന്നെ മന്ത്രി സംബന്ധിക്കില്ലെന്ന വിവരം ജില്ലാ സെക്രട്ടറി എം സി ഖമറുദ്ദീന്‍ ഉള്‍പ്പെടെയുള്ള നേതാക്കന്‍മാര്‍ക്ക് അറിയാമായിരുന്നിട്ടും ഇതു മറച്ചുവച്ചെന്നാരോപിച്ചാണ് സംസ്ഥാന സെക്രട്ടറിയെ മണിക്കൂറോളം തടഞ്ഞുവച്ചത്.