ദുബൈ: ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ നിന്ന് ബേസ് ജമ്പിങ് നടത്തിയ സാഹസികരെന്ന റെക്കോഡ് ഫ്രെഡ് ഫ്യൂഗനും വിന്‍സ് റിഫറ്റിനും സ്വന്തം. 828 മീറ്റര്‍ ഉയരമുള്ള ബുര്‍ജ് ഖലീഫയുടെ തുമ്പത്തുനിന്ന് ആകാശ ചാട്ടം നടത്തിയാണ് ഫ്രാന്‍സ് സ്വദേശികളായ ഇരുവരും ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചത്.
മാസങ്ങള്‍ നീണ്ട പരിശീലത്തിനൊടുവില്‍ ഏപ്രില്‍ 21നായിരുന്നു സാഹസിക പ്രകടനം.
ദുബൈയില്‍ ആകാശ ചാട്ട പരിശീലനം നല്‍കുന്ന സ്കൈ ഡൈവ് ദുബൈയുടെ ആഭിമുഖ്യത്തിലായിരുന്നു അഭ്യാസ പ്രകടനം. ബുര്‍ജ് ഖലീഫയുടെ തുമ്പത്ത് നിര്‍മിച്ച പ്രത്യേക പ്ളാറ്റ്ഫോമില്‍ നിന്ന് ചാടിയ ഇരുവരും വായുവിലൂടെ ഒഴുകിയിറങ്ങുന്ന കാഴ്ച മനംകവരുന്നതായിരുന്നു. ഷൂവില്‍ ഘടിപ്പിച്ച യന്ത്രത്തില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് വര്‍ണം വാരി വിതറി ഇരുവരും തെന്നി നീങ്ങി. കൈകോര്‍ത്ത് പിടിച്ചും മലക്കം മറിഞ്ഞും കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി. നിലംതൊടുന്നതിന് തൊട്ടുമുമ്പ് പാരച്യൂട്ട് വിടര്‍ന്നു. ഇരുവരും സുരക്ഷിതമായി നിലത്തിറങ്ങി.
ബുര്‍ജ് ഖലീഫയുടെ തുമ്പത്ത് മൂന്ന് മീറ്റര്‍ നീളവും ഒരുമീറ്റര്‍ വീതിയുമുള്ള പ്ളാറ്റ്ഫോം നിര്‍മിക്കുകയെന്നത് ഏറെ വിഷമം പിടിച്ച ദൗത്യമായിരുന്നു. കാലാവസ്ഥാ വെല്ലുവിളികളും സമയപരിമിതിയും അതിജീവിച്ച് മൂന്ന് ദിവസം കൊണ്ടാണ് പ്ളാറ്റ്ഫോം നിര്‍മാണം പൂര്‍ത്തിയാക്കിയത്. കെട്ടിടത്തിന്‍െറ അഗ്രഭാഗത്തിന് കേടുപാട് സംഭവിക്കാതെ വേണമായിരുന്നു പ്ളാറ്റ്ഫോം നിര്‍മിക്കാന്‍.
നിര്‍മാണ ഘട്ടത്തിലെല്ലാം ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നു. മൂന്നുവര്‍ഷത്തെ കഠിന പരിശീലനത്തിന്‍െറ ഫലമായാണ് റെക്കോഡ് പ്രകടനം നടത്താനായതെന്നും ജീവിതത്തിലെ വലിയൊരു സ്വപ്നമാണ് യാഥാര്‍ഥ്യമായതെന്നും സുരക്ഷിതമായി നിലംതൊട്ട ശേഷം ഫ്രെഡ് ഫ്യൂഗന്‍ പറഞ്ഞു.
തന്‍െറ ജീവിതത്തിലെ ഏറ്റവും മികച്ച ചാട്ടമാണിതെന്നായിരുന്നു വിന്‍സ് റിഫറ്റിന്‍െറ പ്രതികരണം. റെക്കോഡ് ചാട്ടത്തിന് മുന്നോടിയായി സ്വിറ്റ്സര്‍ലാന്‍റിലെ ലൗട്ടര്‍ബ്യൂനന്‍ മലനിരകളിലാണ് ഇരുവരും പരിശീലനം നടത്തിയത്. ബുര്‍ജ് ഖലീഫക്കൊപ്പം ഉയരമുള്ള മലയാണിത്. അവസാനഘട്ടത്തില്‍ ദുബൈയില്‍ ഹെലികോപ്റ്ററില്‍ നിന്ന് ചാടിയും പരിശീലനമുണ്ടായിരുന്നു.
എമിറേറ്റ്സ് ഏറോ സ്പോര്‍ട്സ് ഫെഡറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൈഡൈവ് ദുബൈ നിരവധി ലോക റെക്കോഡ് പ്രകടനങ്ങള്‍ക്ക് അവസരമൊരുക്കാറുണ്ട്. ഏറ്റവും ചെറിയ പാരച്യൂട്ടില്‍ ആകാശ ചാട്ടം നടത്തി ഏപ്രിലില്‍ തന്നെ വെനിസ്വേലക്കാരനായ ഏണസ്റ്റോ ഗിയന്‍സ റെക്കോഡ് പുസ്തകത്തില്‍ ഇടംപിടിച്ചിരുന്നു.
സാഹസിക പ്രകടനങ്ങള്‍ക്ക് ദുബൈ കിരീടാവകാശിയും സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം നല്‍കുന്ന പ്രോത്സാഹനം വിലമതിക്കാനാവാത്തതാണെന്ന് എമിറേറ്റ്സ് ഏറോ സ്പോര്‍ട്സ് ഫെഡറേഷന്‍ പ്രസിഡന്‍റ് നാസര്‍ അല്‍ നിയാദി പറഞ്ഞു.